Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആകെ 117720 പരിശോധന നടന്നു. 24 മണിക്കൂറിനുള്ളിൽ 141 മരണം ആണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇപ്പോൾ 104037 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 10.2 ആണ്. കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആർ 9.57 ആണ്.

തൃശ്ശൂരിലാണ് ഉയർന്ന ടിപിആർ 12.6, ഏറ്റവും കുറവ് ടിപിആർ 7.8 ശതമാനമുള്ള കണ്ണൂരാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളിലും ടിപിആർ പത്തിനും താഴെ എത്തി. ബാക്കി ഏഴ് ജില്ലകളിൽ 10 മുതൽ 12.6 വരെയാണ് ടിപിആർ.

കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും വിചാരിച്ച വേഗതയിൽ കുറയുന്നില്ല. കഴിഞ്ഞ ആഴ്ചയുമായി താരത്മ്യം ചെയ്യുമ്പോൾ ടിപിആർ മാറ്റമില്ലാതെ തുടരുന്നത് 605 തദ്ദേശസ്ഥാപനങ്ങളിലാണ്. 339 ഇടത്ത് ടിപിആർ കുറഞ്ഞിട്ടുണ്ട്. 91 ഇടത്ത് ടിപിആർ കൂടിയിട്ടുണ്ട്.

ടിപിആർ അഞ്ച് ശതമാനത്തിന് താഴെ എത്തിയാൽ മാത്രമേ ആശ്വാസകരമായ സാഹചര്യമായി കണക്കാക്കാൻ സാധിക്കൂ. കർശന ജാഗ്രത തുടരണം. ജനങ്ങളുടെ പൂർണപിന്തുണ ഇക്കാര്യത്തിൽ വേണം. എല്ലാവരും കൃത്യമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.

ആ രീതിയിൽ മുന്നോട്ട് പോയാൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്താം. വീണ്ടും ലോക്ക്ഡൗൺ ഉണ്ടാവുന്നത് ഒഴിവാക്കണം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ വാക്സിൻ രജിസ്ട്രേഷൻ ചെയ്യാത്തവരെ കണ്ടെത്തി രജിസ്ട്രേഷൻ നടത്തി വരികയാണ്. വാക്സീൻ വിതരണത്തിന് ആവശ്യമായ നടപടികൾ കൂടുതൽ ചിട്ടപ്പെടുത്തി. കൊവാക്സീൻ്റെ പുതിയ സ്റ്റോക്ക് ലഭ്യമായതോടെ റണ്ടാം ഡോസ് വേണ്ടവർക്ക് അതു നൽകാനാവും. കുട്ടികളുടെ വാക്സീനും വരും മാസങ്ങളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂലൈ ഒന്ന് മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിക്കും. അവരുടെ വാക്സിനേഷൻ പൂർത്തിയായ സാഹചര്യത്തിലാണിത്. കോളേജ് വിദ്യാർത്ഥികളുടെ വാക്സീനേഷനും പൂർത്തിയാക്കി കോളേജുകൾ തുറക്കാനുള്ള സാഹചര്യം പരിശോധിക്കുകയാണ്. ഇതിനായി 18 മുതൽ 21 വരെയുള്ളവർക്ക് പ്രത്യേക രജിസ്ട്രേഷൻ ആരംഭിക്കും. സ്കൂളുകളുടെ കാര്യത്തിൽ അധ്യാപകരുടെ വാക്സിനേഷന് മുൻഗണന നൽകും.

By Divya