Mon. Dec 23rd, 2024
ബ്രസീലിയ:

ആദ്യ കളി ജയിച്ച ആവേശവുമായി ഇറങ്ങിയ പരാഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തി അർജന്‍റീന കോപ ​അമേരിക്ക നോ​ക്കൗട്ട്​ റൗണ്ടിൽ. കളിയുടെ തുടക്കത്തിൽ പിറന്ന ഗോളുമായാണ്​ ഗ്രൂപ്പ്​ എയിൽ ഒന്നാമന്മാരായി മെസ്സിക്കൂട്ടം അവസാന എട്ടിലേക്ക്​ ടിക്കറ്റെടുത്തത്​.

ഒരു ജയമകലെ ക്വാർട്ടർ ബർത്ത്​ സ്വപ്​നവുമായി ബ്രസീലിയ മൈതാനത്ത്​ പരാഗ്വക്കെതിരെ ഇറങ്ങിയ നീലക്കുപ്പായക്കാർ അതിവേഗ നീക്കങ്ങളുമായി തുടക്കത്തിലേ ​മേൽക്കൈ നിലനിർത്തി. അതിന്‍റെ തുടർച്ചയായിരുന്നു 10ാം മിനിറ്റിൽ അലിയാന്ദ്രേ ഡാരിയോ ഗോമസിലൂടെ പിറന്ന ഗോൾ.

പരാഗ്വെ പ്രതിരോധത്തെ കബളിപ്പിച്ച്​ ഡി മരിയ നൽകിയ പാസിൽനിന്നായിരുന്നു ഗോമസ്​ ലക്ഷ്യം കണ്ടത്​. ഓടിവന്ന ഗോളിയെയും കബളിപ്പിച്ചായിരുന്നു​ പോസ്റ്റിലേക്ക്​ പന്ത്​ തട്ടിയിട്ടത്​. ലീഡ്​ പിടിച്ചതോടെ പാരഗ്വ കളി കടുപ്പിച്ചെങ്കിലും അർജന്‍റീന പ്രതിരോധം കോട്ട കാത്തതോടെ നീക്കങ്ങൾക്ക്​ മൂർച്ച കുറഞ്ഞു.

ആദ്യ പകുതി അവസാനിക്കാനിരിക്കെ ഗോമസ്​ നൽകിയ ക്രോസ്​ തട്ടിയകറ്റാനുള്ള പാരഗ്വ പ്രതിരോധ താരം അലോൺസോയുടെ ശ്രമം സ്വന്തം പോസ്റ്റിൽ വിശ്രമിച്ചതോടെ അർജന്‍റീന ലീഡുയർത്തി. പക്ഷേ, വാറിൽ മെസ്സി അകലെ ഓഫ്​സൈഡ്​ പൊസിഷനിലായിരുന്നുവെന്ന്​ കണ്ട്​ റഫറി ഗോൾ നിഷേധിച്ചു.

പിന്നെയും പന്ത്​ പാരഗ്വ നിര പന്തുമായി ഓടിനടക്കുകയും അർജന്‍റീന ഗോൾമുഖത്ത്​ അപകടം വിതക്കുന്നതുമായിരുന്നു പതിവു കാഴ്ച. അതിനിടെ ഇഞ്ചുറി സമയത്ത്​ പെനാൽറ്റി ബോക്​സിനരികെ ലഭിച്ച ഫ്രീകിക്ക്​ മെസ്സി ഗോളിലേക്ക്​ പായിച്ചെങ്കിലും ഗോളി തട്ടിയകറ്റി. അതുകഴിഞ്ഞും ഉറച്ച നീക്കങ്ങൾ ഇരുവശത്തും പിറക്കാതെ പോയതോടെ അർജന്‍റീന ജയവുമായി ക്വാർട്ടറിലേക്ക്​.

ആദ്യ കളിയിൽ ചിലി സമനില പിടിക്കുകയും കരുത്തരിറങ്ങിയ ഉറുഗ്വായിയെ ഒരു ഗോളിന്​ വീഴ്​ത്തുകയും ചെയ്​ത അർജന്‍റീന ​പാരഗ്വക്കെതിരെ ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്​ഥാനം ഉറപ്പാക്കി.

By Divya