Fri. Nov 22nd, 2024
കോഴിക്കോട്:

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി പൊലീസ്. യുവാക്കളെത്തിയ 18 ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി പൊലീസ് ആണ് ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചുറ്റിക്കറങ്ങാനെത്തിയ യുവാക്കളെ പിടികൂടിയത്.

പിടികൂടിയ  കുറച്ച് ബൈക്കുകൾ പൊലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പൊലിസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ്  സ്റ്റേഷനിൽ എത്തിച്ചത്. ഉടമകൾക്കെതിരെ ലോക്ക്ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്ക്  ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി,  വാഹനത്തിന്‍റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്ത് പതിവായി കൂട്ടം കൂടി യുവാക്കൾ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ്  പൊലീസ് പരിശോധന നടത്തിയത്. കൊയിലാണ്ടി, കൊടുവള്ളി, പന്നൂർ, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് തുടങ്ങിയ  ഭാഗങ്ങളിൽ നിന്നുമെത്തിയവരാണ് കൂടുതലും.

താമരശ്ശേരി എസ് ഐമാരായ ശ്രീജേഷ്, വികെ സുരേഷ്, അജിത്, സിപിഒ മാരായ രതീഷ്, പ്രസാദ്, ഷൈജൽ, എംഎസ്പി യിലെ അതുൽ സികെ, അജ്മൽ എന്നിവർ ചേർന്നാണ് ബൈക്കുകള്‍ പിടികൂടിയത്.

By Divya