Fri. Nov 22nd, 2024
ദുബായ്:

ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഭാഗികമായി യുഎഇ പിൻവലിച്ചത് ആശ്വാസകരമെങ്കിലും മലയാളി പ്രവാസികളുടെ മടക്കയാത്രയ്ക്ക് ഒട്ടേറെ കടമ്പകൾ കടക്കണം. കേരളത്തിൽ ലഭ്യമായ കൊവിഷീൽഡ് വാക്സീൻ യുഎഇ അംഗീകരിച്ചിട്ടുണ്ടെങ്കിലും 4 മണിക്കൂർ കാലാവധിയുള്ള ആർടി പിസിആർ ടെസ്റ്റ് വേണം എന്നത് തടസ്സമാകുകയാണ്. വിമാനത്താവളത്തിലോ തൊട്ടടുത്ത സ്ഥലത്തോ ടെസ്റ്റിനു സൗകര്യം ഉണ്ടായാലേ 4 മണിക്കൂർ കാലാവധിയുള്ള ഫലം ലഭിക്കൂ. കേരളത്തിലെ വിമാനത്താളങ്ങളിൽ നിലവിൽ ഇതിനുള്ള സൗകര്യമില്ല.

ഒരുമണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന ട്രൂനാറ്റ് ടെസ്റ്റ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള ലാബ് സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കാനുമുള്ള ചർച്ചകൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിന് ഐസിഎംആർ ഉൾപ്പെടെയുള്ള ഏജൻസികളുടെ അനുമതി ആവശ്യമാണ്. താൽക്കാലിക അനുമതി വാങ്ങി ടെസ്റ്റ് ആരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

വാക്സീൻ എടുക്കാത്ത കുട്ടികളുടെ യാത്രാനുമതി സംബന്ധിച്ചും വ്യക്തതയില്ല. 6 മാസത്തിൽ കൂടുതൽ നാട്ടിൽ നിന്ന് വീസ കാലാവധി തീർന്നവരുടെ തിരിച്ചുപോക്കു സംബന്ധിച്ചും തീരുമാനം ഉണ്ടാകണം. സന്ദർശക വീസ തീർന്നവരുടെ കാര്യത്തിലും മറ്റ് എമിറേറ്റുകളിലെ വീസയുള്ളവരുടെ മടക്കയാത്ര സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ഇക്കാര്യങ്ങൾ യുഎഇ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുഭാവ പൂർവമായ തീരുമാനം പ്രതീക്ഷിക്കുന്നതായും യുഎഇ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു.

ദുബായ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതു വരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ കഴിയണമെന്നും നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ സ്വന്തം ചെലവിലാണോ സർക്കാർ ചെലവിലാണോ ഇതു വേണ്ടതെന്ന് നിർദേശമില്ല. നിലവിൽ താമസവീസക്കാർക്ക് ക്വാറന്റീൻ സൗജ്യമായിരുന്നു.

23 മുതൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. തടസ്സങ്ങൾ പരിഹരിച്ച് യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. അതിനിടെ, ഇന്ത്യയിലെ കൊവിഷീൽഡും അസ്ട്രാസെനകയും ഒന്നാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

By Divya