Thu. Apr 18th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ അടച്ചിടും. വെയര്‍ ഹൗസ് മാര്‍ജിൻ വര്‍ധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. കൊവിഡ് കാലത്ത് വ്യവസായികളെ സഹായിക്കുന്നതിന് പകരം വില വര്‍ധിപ്പിച്ച് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് ഉടമകളുടെ പക്ഷം.

ബെവ്കോക്ക് നൽകുന്ന അതേ മാര്‍ജിനിൽ തന്നെ ബാറുകൾക്കും മദ്യം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ബാറുകൾ അടച്ചിടുന്നതോടെ ബെവറേജസ് ഔട്ട് ലെറ്റുകളിൽ തിരക്ക് ഏറാനാണ് സാധ്യത.

കണ്‍സ്യൂമര്‍ ഫെഡിന്‍റേത് എട്ടിൽ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവില്‍പ്പനയിലെ പ്രതിസന്ധി. വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.

ബാറുകള്‍ ഉള്‍പ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച്‌ തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പരിഹാരം ഉണ്ടാകുന്നതുവരെ ബാറുകള്‍ അടച്ചിടാനാണ് അസോസിയേഷന്റെ തീരുമാനം.

പുതിയ ഉത്തരവ് ബാറുകൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. മദ്യ വില്‍പ്പനയിലെ ലാഭം ഉപയോഗിച്ചാണ് കണ്‍സ്യൂമര്‍ ഫെഡിന്‍റെ കിറ്റ് വിതരണം. മദ്യവിതരണം തടസപ്പെട്ടാൻ കിറ്റ് വിതരണവും പ്രതിസന്ധിയിലാകും.

കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ചെറിയ ലാഭം പോലുമില്ലാതെ മദ്യവില്‍പ്പന നടത്താന്‍ കഴിയില്ലെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് നിലപാട്. മദ്യത്തിന്‍റെ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി ഔട്ട് ലെറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.

By Divya