Wed. Jan 22nd, 2025
കോഴിക്കോട്:

രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഫറോക്ക് സ്‌റ്റേഷനിലെത്തി അപകടത്തില്‍ മരിച്ചവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയാണ്. ആറ് പേരെയാണ് ചോദ്യം ചെയ്യുന്നത്.
ഇവര്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ്. അപകടം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ഇവരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

കോഴിക്കോട്-പാലക്കാട് ഹൈവേയിലെ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായിരിക്കുന്നത്. എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് കൊണ്ടോട്ടി വഴിയാണ് പാലക്കാട്ടേക്ക് പോകേണ്ടിയിരുന്നത്.

എന്നാല്‍ അപകടത്തില്‍പ്പെട്ടവര്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്ന് വ്യക്തമല്ല. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്.

By Divya