Mon. Dec 23rd, 2024
സവോപോളോ:

ബ്രസീൽ നയിക്കുന്ന ഗ്രൂപ്​ എയിൽ പെറുവിന്​ ജയം. കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ്​ പെറു തകർത്തുവിട്ടത്​. സെർജിയോ പീനയും യെറി മീനയും വിജയികൾക്കായി സ്​കോർ ചെയ്​തപ്പോൾ മിഗ്വേൽ ബോർയയുടെ വകയായിരുന്നു കൊളംബിയയുടെ ആശ്വാസ ഗോൾ.

13ാം മിനിറ്റിൽ സെർജിയോ പീനിയയിലൂടെ പെറുവാണ്​ അക്കൗണ്ട്​ തുറന്നത്​. അതോടെ കളി മുറുകിയെങ്കിലും കൊളംബിയ സമനില പിടിക്കാൻ രണ്ടാം പകുതി വരെ കാത്തി​രിക്കേണ്ടിവന്നു. 53ാം മിനിറ്റിൽ ഒപ്പം പിടിച്ച കൊളംബിയയുടെ വലയിൽ 10 മിനിറ്റ്​ കഴിഞ്ഞ്​ എവർടൺ താരം യെറി മീന സെൽഫ്​ ഗോളടിച്ചതോടെ കളി വീണ്ടും​ പെറുവിനൊപ്പം. തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ വിജയം കാണാതായതോടെ നിർണായക വിജയവുമായി പെറു മടങ്ങി.

രണ്ടാമത്തെ മത്സരത്തിൽ വെനസ്വേലയും എക്വഡോറും രണ്ടു വീതം​ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു. അയർടൺ പ്രസ്യാഡോ, ഗൊൺസാലോ പ്ലാറ്റ എന്നിവർ എക്വഡോറിനായും എഡ്​സൺ കാസ്​​റ്റിലോ, റൊണാൾഡ്​ ഹെർണാണ്ടസ്​ എന്നിവർ വെനസ്വേലക്കായും ഗോൾ നേടി.

കളി സമനിലയിൽ പിരിഞ്ഞതോടെ മൂന്നു മത്സരങ്ങളിൽ രണ്ടു പോയിന്‍റുമായി വെനസ്വേല ഏറെ പിറകിലാണ്​. രണ്ടു കളികൾ മാത്രം പൂർത്തിയാക്കിയ എക്വഡോറിന്​ ഒരു പോയിന്‍റ്​ മാത്രമാണുള്ളത്​. രണ്ടു കളികളിൽ ആറു പോയിന്‍റുമായി ബ്രസീലാണ്​ ഗ്രൂപ്പിൽ ബഹുദൂരം മുന്നിൽ.

By Divya