വാഷിങ്ടൺ:
അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിൽ ആളപായവും കടുത്ത നാശനഷ്ടവും വിതച്ച് ക്ലോഡറ്റ് കൊടുങ്കാറ്റ്. മോണ്ട്ഗോമറിയിൽ കൊടുങ്കാറ്റിനിടെ 15 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ ദുരന്തത്തിലാണ് 10 പേർ മരിച്ചത്.
ദുരന്തത്തിനിരയായവരിൽ ഒമ്പതു പേർ കുട്ടികളാണ്. മഴനനഞ്ഞ റോഡിൽ തെന്നിയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്കായുള്ള സ്ഥാപനത്തിലെ വാഹനത്തിലുണ്ടായിരുന്ന എട്ട് കുട്ടികൾ മരിച്ചവരിൽ പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.
കൊടുങ്കാറ്റ് അലബാമ, ജോർജിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടം വിതച്ചത്. മഴയും കാറ്റും ചേർന്നതോടെ ചിലയിടങ്ങളിൽ പൊടുന്നനെ പ്രളയമുണ്ടായത് ജനജീവിതം ദുഷ്കരമാക്കി. അലബാമയിൽ 50 വീടുകൾ തകർന്നിട്ടുണ്ട്.