Fri. Nov 15th, 2024
ന്യൂഡൽഹി:

അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിശ്വ ഹിന്ദു പരിഷത് നേതാവുമായ ചമ്പത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച മൂന്ന് പേർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മാധ്യമപ്രവർത്തകൻ വിനീത് നരേൻ അടക്കം മൂന്ന് പേർക്കെതിരെയാണ് കേസ്. ചമ്പത്ത് റായുടെ സഹോദരൻ സഞ്ജയ് ബൻസാൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണത്തിൽ ചമ്പത്ത് റായ്ക്ക് പങ്കുണ്ടെന്നായിരുന്നു വിനീത് നരേൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. എന്നാൽ, തനിക്കും സഹോദരനും പൊലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്ന് സഞ്ജയ് പറയുന്നു. ചോദ്യം ചെയ്യാനായി വിളിച്ചിരുന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതേ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 14 വകുപ്പുകളും ഐടി ആക്ടിലെ രണ്ട് വകുപ്പുകളുമാണ് വിനീതിനും മറ്റ് രണ്ട് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

അയോദ്ധ്യ രാമക്ഷേത്ര വികസനത്തിനായി ഭൂമി വാങ്ങിയതിൽ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി സമാജ് വാദി പാർട്ടിയും ആം ആദ്മി പാർട്ടിയുമാണ് ആരോപണം ഉയർത്തിയത്. ഭൂമി ഇടപാടിൽ 16.5 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഇരു പാർട്ടികളുടെയും ആവശ്യം.

By Divya