ദോഹ:
റാപിഡ് ആൻറിജെൻ കൊവിഡ് 19 പരിശോധന രാജ്യത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഖത്തറിൽ കൂടുതൽ ഇളവുകൾ നിലവിൽവന്നു. ഇതിൻെറ ഭാഗമായി രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് നിരവധി ഇളവുകളാണ് നൽകുന്നത്. വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വാക്സിൻ നിർബന്ധമാണ്.
ഇനി മുതൽ വാക്സിൻ സ്വീകരിക്കാത്ത എല്ലാ ജീവനക്കാർക്കും ആഴ്ചയിൽ റാപ്പിഡ് ആൻറിജെൻ പരിശോധന നിർബന്ധമാണ്. ഈ പരിശോധന ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ നടത്താമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അടുത്തുള്ള സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് പരിശോധനക്കുള്ള അപ്പോയിൻറ്മെൻറ് എടുക്കണം.
മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വന്നിരിക്കുന്നത്.ബാർബർഷോപ്പുകൾ, ജിംനേഷ്യങ്ങൾ, ബ്യൂട്ടിപാർലറുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്സിൻ എടുത്തവർക്ക് മാത്രമേ അനുവാദമുള്ളൂ. ഇവിടങ്ങളിലെ ജീവനക്കാരും വാക്സിൻ എടുത്തവരാകണം. വാക്സിൻ രണ്ടു ഡോസും എടുക്കാത്തവർക്കാണ് ആഴ്ചയിലൊരിക്കൽ ആൻറിജെൻ പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്.
റസ്റ്റാറൻറുകളിലും കഫേകളിലും ഭക്ഷണം നൽകുന്നത് തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ മുനിസിപ്പല്‍ മന്ത്രാലയത്തിൻെറ ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നുണ്ട്. അകത്താണെങ്കില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. വാണിജ്യമന്ത്രാലയത്തിൻെറ അനുമതി മാത്രമേ ഉള്ളൂവെങ്കില്‍ തുറന്ന ഇടങ്ങളില്‍ 30 ശതമാനം പേർക്കും ഇന്‍ഡോറില്‍ 15 ശതമാനം പേർക്കുമാണ് പ്രവേശനാനുമതി. എന്നാൽ, എല്ലാ ഉപഭോക്താക്കളും വാക്സിനെടുത്തവരായിരിക്കണം.