കുവൈത്ത് സിറ്റി:
നോർക്ക കെയർ ഫോർ കേരള കാമ്പയിനിൻറെ ഭാഗമായി കുവൈത്തിൽനിന്ന് കേരളത്തിലേക്ക് അയച്ച മെഡിക്കൽ ഉപകരണങ്ങളുടെ ആദ്യ ഷിപ്മെൻറ് കൊച്ചിയിൽ എത്തി. രണ്ട് കണ്ടെയ്നറുകളിലായി അയച്ച ജീവൻരക്ഷാ ഉപകരണങ്ങൾ സർക്കാറിന് വേണ്ടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഏറ്റുവാങ്ങി സംഭരണകേന്ദ്രത്തിൽ എത്തിച്ചു.
348 സിലിണ്ടറുകൾ, 250 റെഗുലേറ്ററുകൾ, 100 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എന്നിവയടങ്ങിയതാണ് ഷിപ്മെൻറ്. ഒരു കോടി 20 ലക്ഷം രൂപയോളം വിലവരുന്ന ഇവക്ക് പുറമെ ആറര ലക്ഷം രൂപ വിലക്കുള്ള 871 പൾസ് ഓക്സിമീറ്ററുകൾ കഴിഞ്ഞ ആഴ്ച കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷനെ ഏൽപ്പിച്ചിരുന്നു.
നോർക്ക കെയർ ഫോർ കേരള കൂട്ടായ്മയുടെ അഭ്യർഥനപ്രകാരം കുവൈത്തിലെ വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവ കേരളജനതക്ക് നൽകിയ നിർലോഭമായ കരുതലിൻറെ ഭാഗമായാണ് ഇത്രയും സാധനങ്ങൾ ലഭ്യമായതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. മെഡിക്കൽ നോർക്ക കെയർ ഫോർ കേരള കാമ്പയിനിൻറെ ഭാഗമായി കുവൈത്തിൽനിന്ന് കേരളത്തിലേക്ക് അയച്ച മെഡിക്കൽ ഉപകരണങ്ങൾ.