Fri. May 3rd, 2024
Pinarayi Vijayan K Sudhakaran
തിരുവനന്തപുരം:

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാക്പോര് മുന്നോട്ട്  കൊണ്ടുപോകേണ്ടതില്ലെന്ന് കോൺഗ്രസിൽ പൊതുധാരണ. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് സുധാകരൻ മറുപടി പറഞ്ഞതോടെ വിവാദം അവസാനിച്ചെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം, ഇത്തരം കാര്യങ്ങളിൽ കെപിസിസി അധ്യക്ഷൻ കൂടുതൽ ജാഗ്രത കാട്ടണമെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കുണ്ട്.

പിണറായിയും സുധാകരനും തമ്മിലുള്ള തുറന്നപോരിൽ കൂടുതൽ പ്രതികണങ്ങൾ നടത്തേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. മുഖ്യമന്ത്രിക്ക് സുധാകരൻ മറുപടി നൽകിയതോടെ വിവാദം അവസാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശൻ വ്യക്തമാക്കിയതും ഇതിന്റെ ഭാഗമാണ്.

സ്ഥാനമേറ്റെടുത്തതിന് തൊട്ടുപിന്നാലെ ഉയർന്ന വിവാദത്തിൽ കെസുധാകരന് പിന്തുണ നൽകാതിരുന്നാൽ പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്ന് വിലയിരുത്തിയാണ് മുതിർന്ന നേതാക്കൾ പ്രതികരിച്ചത്. എന്നാൽ, നാലു പതിറ്റാണ്ടു മുൻപ് നടന്നെന്നും ഇല്ലെന്നും പറയുന്ന വിഷയം ചർച്ച ചെയ്തു നീട്ടിക്കൊണ്ടുപോകുന്നത് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള തുറന്ന പോരിൽ സുധാകരന്റെ അണികൾ ആവേശത്തിലാണ്. എന്നാൽ, കോവിഡ് കാലത്ത് ഇത്തരം ആരോപണപ്രത്യാരോപണങ്ങൾ ഉയർത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് പാർട്ടിയിലെ പൊതുവികാരം. ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രി പ്രതികരിച്ചാൽ മാത്രം സുധാകരൻ മറുപടി നൽകിയാൽ മതിയെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.

By Divya