Mon. Dec 23rd, 2024
കൊല്‍ക്കത്ത:

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ മുന്നൂറോളം ബിജെപി പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തി. ബീര്‍ഭൂമിലെ ഓഫീസിനു മുന്നിലാണ് നിരാഹാര സമരം നടത്തിയത്. ഇതിന് പിന്നാലെ തൃണമൂല്‍ ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു.

ടിഎംസിയില്‍ തിരിച്ചെടുക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സമരം ചെയ്തവരില്‍ ഒരാളായ അശോക് മൊന്‍ഡാള്‍ പറഞ്ഞത്. ബിജെപിയില്‍ ചേര്‍ന്നതോടെ തങ്ങളുടെ ഗ്രാമത്തിന്റെ വികസനം സ്തംഭിച്ചെന്നും നിരന്തരമായ ബിജെപിയുടെ പ്രതിഷേധങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

ഗംഗാജലം തളിച്ചാണ് പ്രവര്‍ത്തകരെ തൃണമൂല്‍ നേതാക്കള്‍ സ്വീകരിച്ചത്. ബംഗാളില്‍ വീണ്ടും മമത ബാനര്‍ജി അധികാരത്തിലെത്തിയതിനു പിന്നാലെ
ബിജെപിയിലേക്ക് പോയ തൃണമൂല്‍ പ്രവര്‍ത്തകര്‍ തിരിച്ചെത്താനുള്ള ശ്രമം നടത്തിയിരുന്നു.

2017 ല്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയ മുകുള്‍ റോയി തിരിച്ച് തൃണമൂലില്‍ എത്തിയിരുന്നു. പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബിജെപി നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ പാര്‍ട്ടി പ്രവേശനം.
ഇതിന് പിന്നാലെ ബംഗാളില്‍ മുകുള്‍ റോയിയുമായി അടുപ്പമുള്ള പലനേതാക്കളും തൃണമൂലിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ നേതാക്കളെക്കുറിച്ചു തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

By Divya