Sat. Jan 18th, 2025
യുഎന്‍:

അന്റോണിയോ ഗുട്ടറസിനെ ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി യുഎന്‍ അസംബ്ലി വീണ്ടും തിരഞ്ഞെടുത്തു. 193 അംഗങ്ങളുള്ള സംഘടനയില്‍ ഇനി അന്റോണിയോ ഗുട്ടറസ് അഞ്ചുവര്‍ഷം കൂടി തുടരും. കൊവിഡ് മഹാമാരിയും കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും അടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് അന്റോണിയോ ഗുട്ടറസിന്റെ സ്ഥാനത്തുടര്‍ച്ച.

ഏകകണ്‌ഠേന നടന്ന തിരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാട്മിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിയുക്ത സെക്രട്ടറി ജനറലിനെ പ്രശംസിച്ചു. യുഎന്‍ അസംബ്ലി പ്രസിഡന്റ് വോള്‍കന്‍ ബോസ്‌കിര്‍ ആണ് ഗുട്ടറസിനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. എസ്റ്റോണിയയുടെ യുഎന്‍ അംബാസിഡര്‍ സ്വെന്‍ ജര്‍ഗെന്‍സന്‍ അടക്കമുള്ളവര്‍ ഗുട്ടറസിന് രണ്ടാമൂഴം നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.

ഐക്യരാഷ്ട്രസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തി മെച്ചപ്പെടുത്താനും ഗുട്ടറസിന് കഴിയുമെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. അന്റോണിയോ ഗുട്ടറസിനെ രണ്ടാം തവണയും ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ പ്രമേയത്തെ ഇന്ത്യയും സ്വാഗതം ചെയ്തിരുന്നു. 2022 ജനുവരി ഒന്നിനാണ് അന്റോണിയോ ഗുട്ടറസ് വീണ്ടും സ്ഥാനമേല്‍ക്കുക.

By Divya