Wed. Jan 22nd, 2025
പനാജി:

സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്സിൻ ലഭിക്കുന്നതുവരെ ഗോവയിൽ ടൂറിസം പ്രവർത്തനങ്ങൾ അനുവദിക്കില്ല. ജൂലൈ 13നകം ഈ ലക്ഷ്യം കൈവരിക്കാനാണ് സർക്കാറിൻെറ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് പ്രതിരോധ കുത്തിവെപ്പ്​ നൽകിയശേഷം മാത്രമേ ടൂറിസം പുനരാരംഭിക്കാവൂ എന്ന്​ സംസ്ഥാന ടൂറിസം മന്ത്രി മനോഹർ അജ്​ഗാവ്കറും അറിയിച്ചു. എന്നാലും, ടൂറിസം സംസ്ഥാനത്തിൻെറ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായതിനാൽ എന്നെന്നേക്കുമായി അടച്ചുപൂട്ടാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായാൽ മാത്രമേ സംസ്ഥാനത്തെ ടൂറിസം മേഖല പൂർണമായും തുറക്കാൻ അനുവദിക്കുകയുള്ളൂവെന്ന് ട്രാവൽ ആൻഡ് ടൂറിസം അസോസിയേഷൻ ഓഫ് ഗോവയെ (ടിഎജി) സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ, അസോസിയേഷൻ ചെയർമാൻ നിലേഷ് ഷാ നേരത്തെ സർക്കാറിന്​ മുന്നിൽ ചില നിർശേദങ്ങൾ സമർപ്പിച്ചിരുന്നു.

കൊവിഡ് നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​, വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ എന്നിവയുള്ളവരെ സംസ്​ഥാനത്തേക്ക്​ പ്രവേശിപ്പിക്കുക, ഇവയില്ലെങ്കിൽ എയർപോർട്ട്​, റെയിൽവേ സ്​റ്റേഷൻ ബസ്​സ്​റ്റാൻഡുകൾ, അതിർത്തികൾ എന്നിവിടങ്ങളിൽ കുറഞ്ഞ ചെലവിൽ പരിശോധനക്ക്​​ സൗകര്യമൊരുക്കുക എന്നിവ​ നിർശേദത്തിലുണ്ടായിരുന്നു.

കാസിനോകളും ക്രൂയിസ് കപ്പലുകളും പ്രവർത്തിക്കാൻ അനുവദിക്കുക, ഹോട്ടലുകളും റെസ്റ്റോറൻറുകളും ഉൾപ്പെടെ ടൂറിസം ബിസിനസുകൾ 50 മുതൽ 75 ശതമാനം വരെ ശേഷിയിൽ മാത്രം പ്രവർത്തിപ്പിക്കുക, എല്ലായിടങ്ങളിൽ യാത്രക്കാർക്ക്​ ക്വാറന്റൈൻ കേന്ദ്രങ്ങൾ സ്ഥാപിക്കുക, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ ഗോവ പൊലീസിനെയും ടൂറിസം പൊലീസിനെയും വിന്യസിക്കുക എന്നിവയാണ്​ മറ്റു നിർദേശങ്ങൾ. കൂടാതെ ധാരാളം ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ 2022 മാർച്ച്​ വരെ നടത്തുന്നതിനെതിരെയും അസോസിയേഷൻ ജാഗ്രത പാലിക്കുന്നുണ്ട്​.

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന്​ ഗോവയിൽ ഏർപ്പെടുത്തിയ കർഫ്യു കഴിഞ്ഞയാഴ്​ച വീണ്ടും നീട്ടിയിരുന്നു​. ജൂൺ 21 വരെയാണ്​ നിയന്ത്രണങ്ങൾ നീട്ടിയത്.

By Divya