Tue. Nov 5th, 2024
ന്യൂഡല്‍ഹി:

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

ജാമ്യം ലഭിച്ച നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നുവെന്ന ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. പ്രതിഷേധ കേസെന്ന മട്ടിലാണ് ഹൈക്കോടതി വിഷയം കൈകാര്യം ചെയ്തത്. ഭീകര പ്രവര്‍ത്തനത്തിന് തെളിവുണ്ടായിട്ടും അക്കാര്യം പരിഗണിച്ചില്ല.

ഹൈക്കോടതി നടപടി എന്‍ഐഎ അടക്കം കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ജാമ്യം ലഭിച്ച വിദ്യാര്‍ത്ഥികള്‍ തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

By Divya