തിരുവനന്തപുരം:
ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ഇന്നലെ നടന്നത് റെക്കോര്‍ഡ് വില്പന. 51 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപറേഷൻ ഇന്നലെ വിറ്റത്. 225 ഔട്ട്‍ലെറ്റുകളാണ് ഇന്നലെ തുറന്നത്. കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റുകളില്‍ എട്ട് കോടിയുടെ മദൃവില്പന ഇന്നലെ നടന്നു.
ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശി ഇന്നലെ വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരുന്നു മദ്യവില്പന പുനരാരംഭിച്ചത്. കേരളത്തിൽ പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഉള്ളത്.
കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായിട്ടാണ് ഇന്നലെ മുതൽ മദ്യ വില്പന പുനരാരംഭിച്ചത്. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്പനയ്ക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
എന്നാല്‍, ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്പന നടത്താന്‍ തീരുമാനിച്ചത്.