Thu. Mar 28th, 2024
തിരുവനന്തപുരം:

കൊവിഡ് മരണക്കണക്കിൽ ജില്ലകൾ തമ്മിൽ വലിയ വ്യത്യാസം വന്നതിനു മന്ത്രി വീണാ ജോർജ് കാരണം തേടി. മന്ത്രിയുടെ നിർദേശപ്രകാരം കൃത്യമായ കണക്കുകളും കാരണവും അറിയിക്കാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കത്തു നൽകി.

കഴിഞ്ഞ 7നു നടന്ന കൊവിഡ് അവലോകന യോഗത്തിൽ മരണക്കണക്കിലെ പൊരുത്തക്കേടുകൾ പരിഹരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതിനു പിന്നാലെ എട്ടിനാണ് മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകിയത്. ജില്ലകളിൽ നിന്നു റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ സംസ്ഥാന തലത്തിൽ പുനഃപരിശോധിച്ച് പലതും ഒഴിവാക്കിയാണ് കഴിഞ്ഞ 15 വരെ പ്രസിദ്ധീകരിച്ചിരുന്നത്. ഈ കണക്കുകൾ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് തന്നെയാണു കൈകാര്യം ചെയ്യുന്നത്.

ആകെ കൊവിഡ് മരണങ്ങൾ, ജില്ല തിരിച്ചുള്ള കണക്ക്, ജില്ലകൾ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെങ്കിൽ അതിനുള്ള കാരണം, ഏതെങ്കിലും പ്രദേശങ്ങളിൽ മരണം കൂടുതലാണെങ്കിൽ അതിനുള്ള കാരണം എന്നിവ നൽകാനാണ് നിർദേശം. ജില്ലകളിൽ നിന്നു നൽകിയ മരണ റിപ്പോർട്ടുകളും ആരോഗ്യവകുപ്പ് അംഗീകരിച്ച കണക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

എല്ലായിടത്തും വ്യാപിച്ച കൊവിഡിൽ ജില്ലകളിലെ കണക്കുകൾ തമ്മി‍ൽ കാര്യമായ വ്യത്യാസമുണ്ടായത് റിപ്പോർട്ട് ചെയ്തതിലെയും സ്ഥിരീകരിച്ചതിലെയും പിഴവാണെന്ന് വിദഗ്ധർ പറയുന്നു.

By Divya