Sat. Apr 20th, 2024
തിരുവനന്തപുരം:

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരുമാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ആഗസ്റ്റ് 12ന്, ഓണം റിലീസ് ആയി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്. അതിനു നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു,’ ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളിലും റിലീസ് ഉണ്ടാകും. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. കഴിഞ്ഞ മാർച്ചിലാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കൊവിഡും ലോക്ക്ഡൗണും കാരണം റിലീസ് മുടങ്ങുകയായിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്‍റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

By Divya