Wed. Apr 24th, 2024
സതാംപ്‌ടണ്‍:

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര് ആരംഭിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ മഴപ്പേടിയില്‍ മത്സരത്തിന്‍റെ ആവേശം ചോരുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. യുകെയിലും പ്രത്യേകിച്ച്, കലാശപ്പോരിന്‍റെ വേദിയായ സതാംപ്‌‌ടണിലും കനത്ത മഴയാണ് എന്ന് രാവിലെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആദ്യദിനം മഴ കവരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ സതാംപ്‌ടണിലെ മഴപ്പേടി ട്വീറ്റ് ചെയ്തു. മേഘങ്ങളുടെയും മഴത്തുള്ളികളുടേയും ഇമോജികള്‍ സഹിതമാണ് കെപിയുടെ ട്വീറ്റ്.

ഇംഗ്ലണ്ടിലെ സാഹചര്യം ന്യൂസിലന്‍ഡിന് മേല്‍ക്കൈ നല്‍കും എന്നിരിക്കേ സതാംപ്‌ടണിലെ കാലാവസ്ഥ ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. അഞ്ച് ദിവസവും മഴ മുന്നറിയിപ്പുള്ള റോസ്ബൗളിൽ അധികമായി റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. മത്സരം മഴ കൊണ്ടുപോയാൽ കിരീടം ഇരു ടീമുകളും പങ്കിടും.

സതാംപ്‌ടണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം 2.30നാണ് ടോസ് ഇടേണ്ടത്. മൂന്ന് മണിക്കാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ കലാശപ്പോര് തുടങ്ങുക. ഫൈനലിനുള്ള പ്ലേയിംഗ് ഇലവനെ ഇന്ത്യ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്തിമ ഇലവന്‍ എങ്ങനെയായിരിക്കും എന്ന കാര്യം സര്‍പ്രൈസാക്കി വച്ചിരിക്കുകയാണ് കിവികള്‍.

By Divya