ന്യൂഡൽഹി:
കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് വലിയ ആശങ്ക ആയി മാറുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. 4,6,14 പ്രായങ്ങളിലുള്ള കുട്ടികളുടെ കണ്ണുകളാണ് നഷ്ടമായത്.
മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഇതില്‍ നാലും ആറും വയസുള്ള കുട്ടികള്‍ പ്രമേഹ ബാധിതരായിരുന്നില്ല. 14കാരി പ്രമേഹ ബാധിതയായിരുന്നു. 16 വയസുള്ള പ്രമേഹ ബാധിതയായ മറ്റൊരു പെണ്‍കുട്ടിയുടെ വയറിന്റെ ഒരു ഭാഗത്തും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു.
കൊവിഡ് നെഗറ്റീവ് ആയ ശേഷമാണ് കുട്ടിയില്‍ പ്രമേഹവും കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ കുട്ടിക്കും ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന പതിനാലുകാരിക്കും കൊവിഡ് രണ്ടാം തരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
ആശുപത്രിയിലെത്തി രണ്ട് ദിവസത്തിനുള്ളില്‍ പതിനാലുകാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പിഡിയാട്രീഷന്‍ ഡോ ജേസല്‍ ഷേത്ത് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാല്‍ തലച്ചോറില്‍ എത്തിയില്ല