Sat. Jan 18th, 2025
കല്‍പ്പറ്റ:

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വത്തിക്കാന്‍ നടപടിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് മുന്‍ ജഡ്ജി മൈക്കിള്‍ എഫ് സല്‍ദാന. തിരുസംഘ തലവനും അപ്പോസ്തലിക് ന്യൂണ്‍ഷ്യേക്കുമാണ് ലൂസിക്ക് വേണ്ടി സല്‍ദാന നോട്ടീസ് അയച്ചത്.

കര്‍ണാടക, ബോംബെ ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്നു സല്‍ദാന. കൊവിഡ് മൂലം വത്തിക്കാനിലെ ഓഫീസ് അടച്ചിട്ടപ്പോഴാണ് ഈ കത്ത് അയച്ചിരിക്കുന്നതെന്നും കത്ത് വ്യാജമാണോയെന്ന് സംശയമുണ്ടെന്നും സല്‍ദാന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസിയെ സന്യാസ സഭയില്‍ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍ സഭാ കോടതിയുടെ വിധി സിസ്റ്റര്‍ ലൂസിക്ക് ലഭിച്ചത്.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്സിസി സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്നാരോപിച്ചാണ് ലൂസിയെ പുറത്താക്കിയിരുന്നത്. 2019 ലായിരുന്നു ഇത്. വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അനുവാദമില്ലാതെ ടിവി ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇതെല്ലാം അവഗണിച്ചതിന്റെ പേരിലാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. അതേസമയം, സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്. തന്റെ ഭാഗം പോലും കേള്‍ക്കാതെ, സഭാധികാരികളുടെ ഭാഗം മാത്രം കേട്ടുകൊണ്ടാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും അതിനാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞിരുന്നു.

വത്തിക്കാന്റെ ഭാഗത്തുനിന്നുമുണ്ടായ തികച്ചും തെറ്റായ ഈ തീരുമാനത്തിനെതിരെ ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ രാജ്യത്തെ കോടതിയെ സമീപിക്കുമെന്നും അതിനുള്ള യാത്രയിലാണ് താനെന്നും ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

By Divya