ന്യൂഡൽഹി:
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് സ്റ്റാലിൻ ഡൽഹിയിലെത്തുന്നത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സ്റ്റാലിൻ മോദിയോട് ആവശ്യപ്പെടും.
ഇതിനൊപ്പം നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും. ഇത് രണ്ടും ഡിഎംകെയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ ഏഴിന് സ്റ്റാലിൻ മോദിക്ക് കത്തയച്ചിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി പരീക്ഷ മാറ്റണമെന്നായിരുന്നു അദ്ദേഹത്തിൻറെ ആവശ്യം.
തമിഴ്നാടിന് കൂടുതൽ വാക്സിൻ നൽകണമെന്ന അഭ്യർഥനയും സ്റ്റാലിൻ നടത്തും. ചെങ്കൽപേട്ടിലെ എച്ച്എൽഎൽ ബയോടെക്കിൽ ഇൻറഗ്രേറ്റഡ് വാക്സിൻ കോംപ്ലക്സ് നിർമിക്കുന്നതിലും ചർച്ചയുണ്ടാകും.