ന്യൂഡൽഹി:
റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക്കിൻറെ വിതരണം രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ കൂടി ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് വിതരണം നടത്തുന്നത്. ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, വിശാഖപട്ടണം, ബാദി, കൊലാപ്പൂർ, മിറയാലഗുഡ തുടങ്ങിയ നഗരങ്ങളിലാണ് വാക്സിൻ വിതരണം ആരംഭിക്കുക.
കോവിൻ പോർട്ടലിലൂടെ സ്പുട്നിക് വാക്സിൻ ലഭ്യമാവില്ല. ഇന്ത്യയിലെ സ്പുട്നിക്കിൻറെ വിതരണം നടത്തുന്ന ഡോ റെഡ്ഡീസിലൂടെ മാത്രമേ വാക്സിൻ ലഭിക്കു. കമ്പനിയുടെ പങ്കാളികളായ അപ്പോളോ ആശുപത്രി വഴിയാണ് നിലവിൽ സ്പുട്നിക് വാക്സിൻ വിതരണം നടത്തുന്നത്. വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ ഹൈദരാബാദിലാണ് ആദ്യം വിതരണം ചെയ്തത്.
91.6 ശതമാനം ഫലപ്രാപ്തി സ്പുട്നിക് വാക്സിനുണ്ടെന്നാണ് അവകാശവാദം. 1,145 രൂപയാണ് വാക്സിൻറെ വില. രാജ്യത്ത് 18-44 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചതിൻറെ പശ്ചാത്തലത്തിൽ വാക്സിൻ ഡോസുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. സ്പുട്നിക് കൂടി എത്തുന്നതോടെ ഇത് ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.