Sun. Dec 22nd, 2024
ന്യൂഡല്‍ഹി:

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയതിന് പിന്നാലെ ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയിരുന്ന സെഡ് സുരക്ഷാ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് മുകുള്‍ റോയിക്കും മറ്റു ബിജെപി നേതാക്കള്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇതിനകം മുകുള്‍ റോയ്ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബിജെപിയുടെ 77 എംഎൽഎമാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ എംഎൽഎമാരെ കൂറുമാറ്റാന്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ബിജെപി നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും ഫോണില്‍ സംസാരിച്ചുവെന്ന് മുകുള്‍ റോയ് സ്ഥിരീകരിച്ചിട്ടുണ്ട്.

By Divya