Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22മുതൽ ആരംഭിക്കും. നിലവിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സിബിഎസ്ഇ, ഐഎസ്‍സി 12 –ാം ക്ലാസ് പരീക്ഷകൾ പൂർണമായി റദ്ദാക്കിയ സാഹചര്യത്തിൽ കേരള സിലബസിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ.

എഴുത്തുപരീക്ഷയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കില്ലെന്നും ഒരേ ഉപകരണങ്ങൾ പല വിദ്യാർത്ഥികൾ ഉപയോഗിക്കേണ്ടി വരുന്നത് കൊവിഡ് പകരാൻ ഇടയാക്കുമെന്നും വിദ്യാർത്ഥികൾ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ കർശന സുരക്ഷാ സംവിധാനങ്ങളോടെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

വിദ്യാർത്ഥികൾ ഇരട്ട മാസ്ക്, ഗ്ലൗസ് സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. വിദ്യാർത്ഥികൾ ലാബിൽ പ്രവേശിക്കുന്നതിന് മുൻപും ലാബിൽ നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷയ്ക്ക്ഹാജരാകുന്ന വിദ്യാർത്ഥികൾ ഒരു കാരണവശാലും കൂട്ടം കൂടാൻ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാർത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലർത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾക്ക് അവർ നെഗറ്റീവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവന്നതാണ്.

ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികൾ കൈമാറി ഉപയോഗിക്കാൻ പാടുള്ളതല്ല. ലാബുകളിൽ എ സി ഉപയോഗിക്കുന്നതല്ല. വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്. ഒരു സമയത്ത് കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും നിർദ്ദേശമുണ്ട്.

By Divya