Wed. Jan 22nd, 2025
കൊച്ചി:

അപൂര്‍വ ജനിതകരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് സര്‍ക്കാര്‍ സഹായം തേടി പിതാവ് ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗം വന്നത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലാണിപ്പോള്‍.

അമേരിക്കയില്‍ നിന്നുള്ള ഒനസെമനജീന്‍ എന്ന മരുന്നിന്റെ ഡോസാണ് ചികിത്സക്കാവശ്യം. ഇതിന്റെ ഒരു ഡോസിന് 16 മുതല്‍ 18 കോടി രൂപവരെയാണ് ചെലവ്. ചികിത്സാച്ചെലവിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് പിതാവിന്റെ ആവശ്യം.

കുട്ടിയുടെ സ്ഥിതി വിശദീകരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പരിശോധിച്ചു. തുടര്‍ന്ന് കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണവും തേടി.

മരുന്നിന്റെ ഫലസിദ്ധി, വില, ചികിത്സാരീതി, ക്രൗഡ് ഫണ്ടിങ് സാധ്യത തുടങ്ങിയവ പരിഗണിച്ചേ തീരുമാനം എടുക്കാനാകൂവെന്ന് കോടതി വിലയിരുത്തി. ഇതെല്ലാം കണക്കിലെടുത്ത് 28നകം സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ സര്‍ക്കാരിനോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും കോടതി നിര്‍ദേശിച്ചു.

By Divya