Wed. Nov 6th, 2024
കൊല്ലം:

കൊടകര കുഴല്‍പ്പണ കേസിനൊപ്പം കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബിജെപി ചെലവാക്കിയ പണത്തെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചാണ് സിപിഎം അന്വേഷണ ആവശ്യം ശക്തമാക്കിയത്.

സംസ്ഥാനത്തെ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ചാത്തന്നൂര്‍. സ്ഥാനാർത്ഥിയായി മത്സരിച്ച പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ ബി ബി ഗോപകുമാര്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കൊടകര കുഴല്‍പ്പണ കേസ് സംസ്ഥാന ബിജെപിയെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് ചാത്തന്നൂരില്‍ ബിജെപി ചെലവിട്ട പണത്തെ കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്.

യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ബിജു പാരിപ്പളളി പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. കളളപ്പണം ഉപയോഗിച്ചാണ് ബിജെപി ചാത്തന്നൂരില്‍ പ്രചാരണം നടത്തിയതെന്ന ആരോപണമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്.

ബിജെപി ചെലവാക്കിയ പണത്തിന്‍റെ സ്രോതസിനെ പറ്റി അന്വേഷണം ആവശ്യപ്പെട്ട് മണ്ഡലത്തിലെ വിവിധ മേഖലകളില്‍ സിപിഎമ്മും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊടകര കേസിലെ മുഖ്യകണ്ണിയായ ധര്‍മ്മരാജന്‍ അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കു തലേന്ന് ചാത്തന്നൂരില്‍ എത്തിയിരുന്നെന്നാണ് സിപിഎം ഏരിയാ സെക്രട്ടറി കെ സേതുമാധവന്‍റെ ആരോപണം.

കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ ബിജെപി പ്രചാരണത്തിനായി മണ്ഡലത്തില്‍ ഉപയോഗിച്ചിരുന്നെന്നും ആരോപണമുണ്ട്. എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി ജില്ലാ നേതൃത്വം.

By Divya