Sat. Nov 23rd, 2024
റോം:

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍. ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്സിസി സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്നാരോപിച്ചാണ് ലൂസിയെ പുറത്താക്കിയിരുന്നത്. 2019 ലായിരുന്നു ഇത്.

വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അനുവാദമില്ലാതെ ടി വി ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇതെല്ലാം അവഗണിച്ചതിന്റെ പേരിലാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. അതേസമയം, സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്.

By Divya