Wed. Jan 22nd, 2025
ലക്ഷദ്വീപ്:

അഡ്മിനിസ്ട്രേറ്ററുടെ വിവാദനയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ഇന്നു കരിദിനാചരണം. ഒരാഴ്ചത്തെ സന്ദർശനത്തിനായി ഇന്നു ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നാട്ടുകാരുടെ ഒറ്റക്കെട്ടായ പ്രതിഷേധച്ചൂട് അറിയിക്കുകയാണു ലക്ഷ്യം. കഴിഞ്ഞയാഴ്ച നടത്തിയ വീട്ടുമുറ്റ നിരാഹാരത്തിനു ശേഷം സേവ് ലക്ഷദ്വീപ് ഫോറം ദ്വീപിൽ ആസൂത്രണം ചെയ്യുന്ന രണ്ടാംഘട്ട സമരമാണിത്.

പ്രക്ഷോഭത്തിന്റെ ഭാഗമായി എല്ലാ ദ്വീപുകളിലും വീടുകളുടെ മുന്നിൽ കരിങ്കൊടികൾ നിറയും. കറുപ്പു നിറമുള്ള വസ്ത്രം, മാസ്ക്, ബാഡ്ജ് എന്നിവ ധരിക്കാനും അഡ്മിനിസ്ട്രേറ്റർക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ എല്ലാ വീടുകളുടെയും മുന്നിൽ സ്ഥാപിക്കാനും നിർദേശമുണ്ട്.

ഇന്നു രാത്രി 9ന് എല്ലാ വീടുകളിലും വിളക്കുകൾ അണച്ചു മെഴുകുതിരി വെട്ടത്തിൽ പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേൽ ഗോ’ എന്ന മുദ്രാവാക്യം മുഴക്കാനും ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും.

വീടിനു പുറത്തിറങ്ങി പ്രതിഷേധിക്കരുതെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കരുതെന്നുമുള്ള കർശന നിർദേശവും ദ്വീപുവാസികൾക്കു നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡ ലംഘനമുണ്ടായാൽ അതു ചൂണ്ടിക്കാട്ടി അറസ്റ്റ് ഉൾപ്പെടെ നിയമ നടപടിയിലേക്കു നീങ്ങാനും പ്രതിഷേധത്തിന്റെ മുനയൊടിക്കാനുമുള്ള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകും എന്നതാണു കാരണം.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്റർക്ക‌ു കർശന സുരക്ഷയാണ് ഒരുക്കുന്നത്. ജാഗ്രത പാലിക്കാൻ പൊലീസുൾപ്പെടെയുള്ള സേനാവിഭാഗങ്ങളോടും നിർദേശിച്ചിട്ടുണ്ട്. ഔദ്യോഗിക ചടങ്ങുകളിലും യോഗങ്ങളിലും മാത്രമാണ് അഡ്മിനിസ്ട്രേറ്റർ പങ്കെടുക്കുന്നതെങ്കിലും കവരത്തി ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലം സന്ദർശനം പോലെയുള്ള ചില പരിപാടികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതിനാൽ, പ്രാദേശിക പ്രതിഷേധം അതിരുവിടാതെ നോക്കാൻ പഴുതടച്ച ക്രമീകരണങ്ങളാണു പൊലീസ് ഒരുക്കുന്നത്.

By Divya