Reading Time: < 1 minute
തിരുവനന്തപുരം:

ആലത്തൂർ എം പി രമ്യ ഹരിദാസിനെതിരെയുള്ള വധഭീഷണിയിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ രമ്യ ഹരിദാസ് അടക്കമുള്ള സ്ത്രീകളെ ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണെന്ന് രമ പറഞ്ഞു. സിപിഎം നേതാക്കളും പ്രവർത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം. രമ്യക്കുണ്ടായ അനുഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കെ കെ രമ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം; ആലത്തൂർ മണ്ഡലത്തിലെ എംപിയായ രമ്യ ഹരിദാസിനു നേരെ സിപിഎം നേതാക്കളും പ്രവർത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം.

ഒരു പാർലമെന്റംഗത്തിന് നേരെ കാൽ വെട്ടിക്കളയുമെന്നൊക്കെ ഭീഷണി മുഴക്കാൻ ധൈര്യമുള്ള ഇത്തരം മനുഷ്യർ തങ്ങൾക്കൊപ്പം പ്രവർത്തിക്കുകയും പല കാര്യങ്ങൾക്ക് അടുത്തെത്തുകയും ചെയ്യുന്ന സ്ത്രീകളോട് എന്തുതരം സമീപനമാണ് കൈക്കൊള്ളുക എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്.

രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവർത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണ്. രമ്യക്കുണ്ടായ അനുഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. രമ്യാ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവൻ ആളുകളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികൃതരോട് ആവശ്യപ്പെടുന്നു.

Advertisement