Wed. Nov 6th, 2024
ഹരിദ്വാർ:

ഹരിദ്വാറിലെ മഹാ കുംഭമേളയ്ക്കിടെ സ്വകാര്യ ലാബുകാര്‍ വ്യാജ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റിന്‍റേതാണ് ഉത്തരവ്. കുംഭമേളയ്ക്കെത്തിയവരുടെ കൊവിഡ് പരിശോധന പേപ്പറുകളില്‍ മാത്രമാണ് നടന്നതെന്നായിരുന്നു ഉയര്‍ന്ന ആരോപണങ്ങളിലൊന്ന്.

ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെ നീണ്ട മഹാ കുഭമേളയില്‍ 70ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടെ നടക്കുന്ന മഹാകുംഭമേള കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒരുമാസത്തേക്കായി ചുരുക്കിയാണ് നടത്തിയതെങ്കിലും മേളയ്ക്കിടെ കൊവിഡ് വ്യാപനം രൂക്ഷമായതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മഹാ കുംഭമേളയ്ക്കിടെ റാന്‍ഡം കൊവിഡ് പരിശോധനയ്ക്കായി ജില്ലാ ആരോഗ്യ വകുപ്പ് 13സ്വകാര്യ ലാബുകളെ നിയോഗിച്ചിരുന്നു.

മഹാകുംഭ മേള സംഘാടകര്‍ 9 സ്വകാര്യ ലാബുകളെയും നിയോഗിച്ചിരുന്നു. സൂക്ഷ്മമായി പേരുവിവരങ്ങളും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും വിലാസവും രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു ഇതെന്നായിരുന്നു അധികൃതര്‍ പറയുന്നത്.

ഹരിയാന അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബ് നടത്തിയ പരിശോധനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഈ സ്വകാര്യ ലാബ് കൃത്യമായി പരിശോധന നടത്തിയില്ലെന്നും ടെസ്റ്റ് നടന്നതായി രേഖകളില്‍ മാത്രം പറയുന്നുവെന്നുമാണ് ആരോപണം.

മൂന്നംഗ സമിതിയെയാണ് സംഭവത്തില്‍ അന്വേഷണത്തിനായി ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

By Divya