Sat. Apr 27th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾ നൽകാനാണ് നീക്കം.

ഓട്ടോ, ടാക്സി സർവീസുകൾക്കും കൂടുതൽ കെഎസ്ആർടിസി ബസ് സർവീസുകൾക്കും അനുമതി നൽകിയേക്കും. തുണിക്കടകൾ, ചെരിപ്പുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് തുറക്കാൻ അനുമതി ഉണ്ടാകും. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതൽ ഇളവുകൾ ഉണ്ട്. ഹോട്ടലുകളിൽ നിന്നും പാഴ്സലുകൾ അനുവദിക്കും. നിർമ്മാണപ്രവർത്തനങ്ങൾക്കും അനുമതി ഉണ്ട്.

കൊല്ലത്തും കൊച്ചിയിലും ഇന്ന് കടയടപ്പ് സമരം:

കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കടകളടച്ചിട്ട് പ്രതിഷേധിക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ വ്യപാരികളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ചാണ് കൊല്ലം ജില്ലയില്‍ കടകളടച്ചിടുന്നത്. സംഘടനയുടെ ഭാഗമായ ഹോട്ടലുടമകളില്‍ ഒരു വിഭാഗവും പ്രതിഷേധത്തിന്‍റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കടയടപ്പു സമരവുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി.

കൊവിഡ് മാർഗ്ഗനിർദ്ദശം പാലിച്ച് കടകൾ തുറക്കാനനുവദിക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, അടച്ചിട്ട കടകൾക്ക് വാടക ഒഴിവാക്കാനുള്ള നിയമ നിർമാണം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എറണാകുളം ജില്ലയിലെ കടയടപ്പ് സമരം. ഓൾകേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, സൂപ്പർ മാർക്കറ്റ് അസോസിയേഷൻ എന്നിവരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റോർ ഒഴികെ മറ്റ് കടകൾ തുറക്കില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

By Divya