Wed. Jan 22nd, 2025
പത്തനംതിട്ട:

ചേത്തക്കലിൽ നിക്ഷിപ്ത വനത്തിൽ നിന്ന് രണ്ട് വർഷം മുൻപാണ് കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയത്. ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിലാണ് വനംകൊള്ള നടത്തിയതെന്നാണ് കണ്ടെത്തൽ. മരംമുറിച്ച് കടത്തിയവർക്കും കൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും എതിരായ നിയമനടപടികളും അട്ടിമറിക്കപ്പെട്ടതായാണ് ആക്ഷേപം.

റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിൽ ചേത്തക്കൽ വില്ലേജിലെ വട്ടകപ്പാറയിൽ ക്വാറി തുടങ്ങാൻ ഡെൽറ്റ ഗ്രൂപ്പ് അപേക്ഷ നൽകിയത് 2019 മാർച്ചിലാണ്. ഇടുക്കി ഡാം നിർമാണ തൊഴിലാളികൾക്ക് പതിച്ചുനൽകിയ സ്ഥലത്തോട് ചേർന്ന 4.34 ഹെക്ടർ വനം റവന്യൂ പുറംപോക്ക് എന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം.

മൂന്ന് മാസങ്ങൾ കൊണ്ട് വെട്ടിമാറ്റിയത് അഞ്ഞൂറോളം മരങ്ങളാണ്. പിന്നാലെ 2019 ഓഗസ്റ്റിൽ ചേത്തക്കൽ വില്ലേജ് ഓഫീസർ സർക്കാർ പുറംപോക്കെന്ന് റിപ്പോർട്ട് നൽകി. ഖനനത്തിന് റാന്നി ഡിഎഫ്ഒയുടെ എൻഒസിയും ലഭിച്ചു. എന്നാൽ വനം വെട്ടിത്തെളിച്ച് പാറപൊട്ടിക്കാനുള്ള നീക്കം പക്ഷേ ജനകീയ ഇടപെടൽ കൊണ്ട് തടസം നേരിട്ടു.

ഫോറസ്റ്റ് വിജിസലൻസ് നടത്തിയ പരിശോധനയിൽ തേക്ക് ഉൾപ്പെടെ 276 മരങ്ങൾ മുറിച്ചുമാറ്റിയതായി കണ്ടെത്തി. എന്നാൽ രണ്ട് ഘട്ടങ്ങളിലായി റവന്യൂ വകുപ്പ് പിഴ ഈടാക്കിയത് 18,40,292 രൂപ മാത്രമാണ്. വനഭൂമി എന്ന് തെളിഞ്ഞതോടെ വനംവകുപ്പ് ഈടാക്കിയ പിഴ തിരികെ നൽകാൻ സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.

റെയ്ഞ്ചർ ഉൾപ്പെടെ നാല് വനംവകുപ്പ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതൊഴിച്ചാൽ മുറിച്ച് കടത്തിയ തടി കണ്ടെത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ രണ്ട് വർഷമായിട്ടും നടപടിയുണ്ടായിട്ടില്ല.

By Divya