Fri. Nov 22nd, 2024
തിരുവനന്തപുരം:

വിവാദങ്ങളില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കാനാകാതെ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങും. ഒടുവില്‍ പുറത്തുവന്ന പ്രസീതയുടെ ശബ്ദരേഖയില്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോഴായിരുന്നു കെ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്.

നാല് ദിവസം ഡല്‍ഹിയില്‍ തമ്പടിച്ച കെ സുരേന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എന്നിവരുമായി സംസ്ഥാനത്തെ സംഘടനാ സ്ഥിതി ചര്‍ച്ച ചെയ്തു. നേതൃത്വത്തെ തന്നോടൊപ്പം നിര്‍ത്തി എന്നോ ദൗത്യം വിജയിച്ചു എന്നോ കെ സുരേന്ദ്രന് പറയാന്‍ കഴിയില്ല. മുട്ടില്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് ഒടുവില്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചത്.

പിന്നാലെയാണ് സംസ്ഥാന ബിജെപിയിലെ ഭിന്നത മറനീക്കി പ്രസീതയുമായുള്ള ശബ്ദരേഖ പുറത്തുവന്നത്. സുരേന്ദ്രന്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നതാണ് ശബ്ദരേഖയിലെ ഉള്ളടക്കം. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി മുരളീധര വിരുദ്ധ വിഭാഗം ശക്തമായി രംഗത്തുണ്ട്.

ഈ മാസം 16ന് മുന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം ചേര്‍ന്ന് കെ സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കാനാണ് മുരളീധര വിരുദ്ധ വിഭാഗം നേതാക്കളുടെ തീരുമാനം.

By Divya