ന്യൂഡൽഹി:
ഡ്രോണുകളുടെ സഹായത്തോടെ കൊവിഡ് വാക്സിൻ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിൽ ഡ്രോണുകളുടെ സഹായത്തോടെ വാക്സിൻ വിതരണം നടത്തുക.
കാൺപൂർ ഐഐടി ഇതിനെ കുറിച്ച് പഠനം നടത്തിയിരുന്നു. ഈ പഠനത്തിൽ ഡ്രോണിൻറെ സഹായത്തോടെയുള്ള വാക്സിൻ വിതരണം സാധ്യമാണെന്ന് കണ്ടെത്തിയിരുന്നു. ചില സ്ഥലങ്ങളിൽ ഡ്രോണുകളുടെ സഹായത്തോടെ വാക്സിൻ വിതരണം നടത്തുന്നതിനായി കമ്പനികളെ സർക്കാർ തേടിയിട്ടുണ്ട്. നിലവിൽ തെലങ്കാനയാണ് ഇത്തരത്തിൽ വാക്സിൻ വിതരണം നടത്തുന്നത്.
പരമാവധി 35 കിലോ മീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഡ്രോണുകളാവും ഇതിന് ഉപയോഗിക്കുക. 100 മീറ്റർ ഉയരത്തിൽ വരെ ഇവ പറക്കും. ഇതിനായി താൽപര്യപത്രമാണ് കേന്ദ്രസർക്കാർ ക്ഷണിച്ചിരിക്കുന്നത്. വൈകാതെ ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.