Fri. Mar 29th, 2024
ബെംഗളൂരു:

ജാതീയതക്കും ബ്രാഹ്മണിസത്തിനുമെതിരായ വിമര്‍ശനത്തിന്റെ പേരില്‍ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസക്കെതിരെ പൊലീസ് കേസ്. വിപ്ര യുവ വേദികെ ഭാരവാഹി പവന്‍ കുമാര്‍ ശര്‍മയുടെ പരാതിയില്‍ ബെംഗളൂരു ബസവനഗുഡി പൊലീസാണ് കേസെടുത്തത്.

ചേതന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രി ശിവറാം ഹെബ്ബാര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ചേതന്റെ ട്വീറ്റ് ബ്രാഹ്മണ സമുദായത്തെ അപമാനപ്പെടുത്തുന്നതാണെന്നാരോപിച്ച് കര്‍ണാടക ബ്രാഹ്മണ ബോര്‍ഡ് ചെയര്‍മാന്‍ എച്ച്എസ് സച്ചിദാനന്ദ മൂര്‍ത്തിയാണ് ആദ്യം പരാതി നല്‍കിയത്.

ഈ പരാതി ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ കബന്‍ പാര്‍ക്ക് പൊലീസിന് കൈമാറിയെങ്കിലും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജൂണ്‍ ആറിന് അംബേദ്കറുടെയും പെരിയാര്‍ ഇ വി രാമസ്വാമിയുടെയും വാക്കുകള്‍ ട്വീറ്റ് ചെയ്ത ചേതന്‍ പിന്നീട് ജാതീയതക്കും ബ്രാഹ്മണിസത്തിനുമെതിരെ തുടര്‍ച്ചയായ ട്വീറ്റുകളുമായി രംഗത്തുവരികയായിരുന്നു. താന്‍ ബ്രാഹ്മണര്‍ക്കെതിരല്ലെന്നും ബ്രാഹ്മണിസം തീര്‍ക്കുന്ന ജാതീയതക്കെതിരാണെന്നുമായിരുന്നു ചേതന്റെ പ്രതികരണം.

ബസവേശ്വരന്റെയും ബുദ്ധന്റെയും ആശയങ്ങളെ ബ്രാഹ്മണിസം കൊന്നുകളഞ്ഞെന്നും ബ്രാഹ്മണിസത്തിനെതിരെ ബുദ്ധന്‍ പോരാടിയിരുന്നതായും ഒരു വിഡിയോ സന്ദേശത്തില്‍ ചേതന്‍ നേരത്തെ പറഞ്ഞിരുന്നു. 2007 മുതല്‍ കന്നഡ സിനിമയില്‍ ശ്രദ്ധേയമായ റോളുകള്‍ ചെയ്തിട്ടുള്ള നടനാണ് ചേതന്‍. 12 ലേറെ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

By Divya