Thu. Apr 18th, 2024
വാഷിങ്​ടൺ:

കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​ യു എസ്​ അനുമതി നൽകിയില്ല. ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അനുമതി നിഷേധിച്ചത്​. ഇതോടെ കോവാക്​സിൻ യു എസിൽ വിതരണം ചെയ്യാനുള്ള നിർമാതാക്കളുടെ പദ്ധതി ഇനിയും വൈകും. ലൈവ്​ മിൻറാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

കോവാക്​സിൻ നിർമാതാക്കളായ ഭാരത്​ ബയോടെകിന്റെ യു എസിലെ പങ്കാളിയായ ഒഷുഗെനാണ്​ സർക്കാറിനെ സമീപിച്ചത്​. എന്നാൽ, അപേക്ഷയിൽ സർക്കാർ കൂടുതൽ വിവരങ്ങൾ തേടിയെന്നാണ്​ റിപ്പോർട്ട്​. കോവാക്​സിൻ പരീക്ഷണങ്ങളെ സംബന്ധിച്ച ഭാഗിക വിവരങ്ങൾ മാത്രമാണ്​ കമ്പനി യു എസ്​ സർക്കാറിന്​ സമർപ്പിച്ചത്​. ഇതാണ്​ അനുമതി നിഷേധിക്കപ്പെടാൻ കാരണമെന്നാണ്​ സൂചന.

അതേസമയം, കോവാക്​സിൻ മൂന്നാംഘട്ട പരീക്ഷണഫലങ്ങൾ ഭാരത്​ ബയോടെകിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്​. മൂന്നാംഘട്ട പരീക്ഷണം വിജയമായാൽ മാത്രമേ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ വാക്​സിന്​ അംഗീകാരം നൽകു. വാക്​സിൻ പാസ്​പോർട്ടിനായി കോവാക്​സിനെ പരിഗണിക്കണമെങ്കിൽ ലോകാരോഗ്യസംഘടനുടെ അനുമതി ആവശ്യമാണ്​.

By Divya