Wed. May 8th, 2024
കർണാടക:

കര്‍ണാടകയില്‍ നേതൃമാറ്റം വേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങളെ കുറിച്ച് അവസാന നിമിഷം വരെ ആലോചിച്ച ശേഷമാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട് മാറ്റം. സംസ്ഥാന ടൂറിസം മന്ത്രി സി പി യോഗേശ്വറിന്റെ നേതൃത്വത്തില്‍ ചില എം എല്‍ എമാര്‍ യെദ്യൂരപ്പയ്‌ക്കെതിരെ ബി ജെ പി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

കര്‍ണാടകത്തിലെ ബി ജെ പിയിലെ സംഘടനാ പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലായിരുന്നു. നിലവിലുള്ള പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു വിമതരുടെ നീക്കങ്ങള്‍. യെദ്യൂരപ്പയെ മാറ്റാതെ മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു നിലപാട്.

സംസ്ഥാന ടൂറിസം മന്ത്രി സി പി യോഗേശ്വറിന്റെ നേതൃത്വത്തില്‍ ചില എംഎല്‍എമാര്‍ യെദ്യൂരപ്പയ്‌ക്കെതിരെ ബിജെപി ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കി. മുഖ്യമന്ത്രി അഴിമതിക്ക് നേതൃത്വം നല്‍കുകയാണെന്നായിരുന്നു പ്രധാന ആരോപണം. കേന്ദ്രനേതൃത്വം യെദ്യൂരപ്പയെ മാറ്റുന്നവിധത്തിലേക്ക് ആലോചിച്ചും തുടങ്ങിയിരുന്നു. ഇതിനിടെയാണ് നാടകീയമായ കേന്ദ്രനേതൃത്വത്തിന്റെ നിലപാട് മാറ്റം.

പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെതിരെ ശക്തിപ്പെട്ട വികാരം യെദ്യൂരപ്പയ്ക്ക് അനുഗ്രഹമാകുകയായിരുന്നു. യെദ്യൂരപ്പയെ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഇതു സംബന്ധിച്ച വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പറഞ്ഞു.

By Divya