Wed. Jan 22nd, 2025
ചെന്നൈ:

ഈ ഞായറാഴ്ച തമിഴ്‌നാട്ടില്‍ വെച്ച് സോഷ്യലിസം മമത ബാനര്‍ജിയെ വിവാഹം ചെയ്യും. സേലത്ത് ഞായറാഴ്ച നടക്കാന്‍ പോകുന്ന കല്ല്യാണത്തെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തുവന്നതിന് ശേഷമാണ് പേരിലെ കൗതുകം കൊണ്ട് മമത ബാനര്‍ജിയുടെയും സോഷ്യലിസത്തിന്റെയും വിവാഹം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

വരന്റെ പേരാണ് സോഷ്യലിസം, വധുവിന്റെ പേര് മമത ബാനര്‍ജിയെന്നും. സേലത്തെ സിപിഐയുടെ ജില്ലാ സെക്രട്ടറി എ മോഹന്റെ മകനാണ് സോഷ്യലിസം. മോഹന്റെ മൂന്നാമത്തെ മകനാണ് സോഷ്യലിസം. മറ്റ് രണ്ട് മക്കളുടെ പേര് കമ്മ്യൂണിസം എന്നും ലെനിനിസം എന്നുമാണ്.

പീപ്പിള്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ഭാഗമായി മോഹന്‍ വീരാപ്പാണ്ടി മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. മോഹന്റെ കുടുംബം ഉറച്ച കമ്മ്യൂണിസ്റ്റ് അനുഭാവികളാണെങ്കില്‍ മരുമകള്‍ മമത ബാനര്‍ജിയുടെ കുടുംബം കോണ്‍ഗ്രസ് അനുഭാവികളാണ്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മകള്‍ക്ക് കോണ്‍ഗ്രസ് കുടുംബം മമത എന്ന് പേരിട്ടത്.

By Divya