കൊച്ചി:
ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ പൊലീസിന്റെ പിടിയിലായി. തൃശ്ശൂർ മുണ്ടൂരിൽ കാട്ടിൽ അയ്യൻകുന്നു എന്ന സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി.
നാട്ടുകാരുടെ കൂടി സഹായത്തോടെ പൊലീസ് വനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മാർട്ടിനെ കണ്ടെത്താനായത്. നൂറിലേറെ നാട്ടുകാരാണ് തെരച്ചിലിൽ പങ്കെടുത്തത്. തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുവരും. ഇയാളെ പിന്നീട് കൊച്ചിയിലേക്ക് എത്തിക്കും.
തൃശ്ശൂരിലെ വനത്തിനുള്ളിൽ പൊലീസ് ഇന്ന് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. വനത്തിനുള്ളിലെ ഒളിത്താവളത്തിലാണ് മാർട്ടിൻ ജോസഫ് ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു തെരച്ചിൽ. മാർട്ടിന് വേണ്ടി വ്യാപകമായ തെരച്ചിലാണ് പൊലീസ് തൃശ്ശൂർ, കോഴിക്കോട് ഭാഗങ്ങളിൽ നടത്തിയത്. കേസ് ഉണ്ടാവുന്നതിന് മുമ്പേ തന്നെ വല്ലപ്പോഴും മാത്രമാണ് മാര്‍ട്ടിന്‍ വീട്ടില്‍ വരാറുള്ളൂവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ്, ജൂൺ എട്ടാം തീയതി പുലർച്ചെ നാല് മണിയോടെ മാർട്ടിൻ ജോസഫ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് ബാഗുകളോടെ രക്ഷപ്പെട്ടത്. ഇത് അയാളുടെ സുഹൃത്തിന്‍റെ ഫ്ലാറ്റാണ്. പൊലീസ് തൃശ്ശൂരിൽ വ്യാപകതെരച്ചിൽ നടത്തുമ്പോൾ മാർട്ടിൻ കൊച്ചിയിലെ കാക്കനാട്ടുണ്ടായിരുന്നു.
ഇതിനിടെ മാർട്ടിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് വന്നതോടെ മാർട്ടിനെ രക്ഷപ്പെടാനും ഒളിത്താവളം ഒരുക്കാനും സഹായിച്ചവരെയാണ് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും. ഇവർ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിലവിൽ പൊലീസിൽ പരാതി നൽകിയ യുവതിയെ മാത്രമല്ല, മറ്റൊരു യുവതിയെയും മാർട്ടിൻ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തന്നെ ഫ്ലാറ്റിൽ കയറി വന്ന് മാർട്ടിൻ മർദ്ദിച്ചിട്ടുണ്ടെന്ന് മറ്റൊരു യുവതി കൂടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
മാർട്ടിൻ മനോരോഗിയാണെന്നും, ഇരകളെ ക്രൂരമായി പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന തരം മനുഷ്യനാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. മാർട്ടിനെ ഉടനെ തന്നെ പിടികൂടാനാകുമെന്നും, അന്വേഷണം ഊർജിതമാണെന്നും എച്ച് നാഗരാജു ഇന്ന് വ്യക്തമാക്കിയിരുന്നു.