ന്യൂഡൽഹി:
രാജ്യത്ത് 24 മണിക്കൂറിനിടെ 91,702 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3,403 പേരുടെ മരണമാണ് 24 മണിക്കൂറിനുള്ളിൽ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 1,34,580 പേർ ഈ സമയത്തിനുള്ളിൽ രോഗമുക്തി നേടി. മൂന്ന് ദിവസമായി രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്.
കൊവിഡ് രണ്ടാം തരംഗത്തിൽ മാത്രം രണ്ട് ലക്ഷത്തിലധികം ആളുകൾക്കാണ് രോഗബാധ മൂലം ജീവൻ നഷ്ടപ്പെട്ടത്. രണ്ടായിരത്തിലധികം കൊവിഡ് മരണമാണ് മാർച്ച് ഒന്നിന് ശേഷം പ്രതിദിനം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് കണക്കുകൾ. 3,63,029 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം, ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട എന്ന് ഇന്നലെ മാർഗനിർദേശം പുറത്തിറക്കി. 6 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഡോക്റുടെയോ രക്ഷിതാക്കളുടെയോ മേൽനോട്ടത്തിൽ മാസ്ക് ഉപയോഗിക്കാം.
12 വയസ്സിനു മുകളിലുള്ളവർ മുതിർന്നവരെ പോലെ തന്നെ മാസ്ക് ധരിക്കണം. 18 വയസ്സിനു താഴെയുള്ള കുട്ടികളിൽ റെംഡിസിവിർ മരുന്ന് ഉപയോഗിക്കരുത് എന്നും നിർദേശത്തിലുണ്ട്. കുട്ടികളിലെ ഓക്സിജൻ നില പരിശോധിക്കാൻ സിക്സ് മിനുട്ട് വോക്ക് എന്ന പരിശോധന രീതിയും ഡിജിഎച്ച്എസ് നിർദേശിച്ചു.
ഓക്സി മീറ്റർ ഘടിപ്പിച്ച ശേഷം ഒരു മുറിക്കുള്ളിൽ ആറു മിനുട്ട് തുടർച്ചയായി കുട്ടിയെ നടത്തിക്കണം. ഓക്സിജൻ നില 94 ശതമാനത്തിൽ താഴുകയാണെങ്കിൽ ഇത് ശ്വസന പ്രശ്നങ്ങളുടെ തുടക്കമായി കാണണം എന്നാണ് നിർദേശം. ആസ്ത്മയുള്ള കുട്ടികളിൽ ഈ പരീക്ഷണം നടത്തരുത് എന്നും നിർദേശത്തിലുണ്ട്