Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി ഈ വര്‍ഷം ഇതുവരെ പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. ജനുവരി ഒന്നു മുതല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരെയാണ് ഇത്രയും പിഴ ഈടാക്കിയത്.

ഇക്കാലയളവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച 82630 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പൊലീസ് പിഴ ചുമത്തുന്നത്.

500 മുതല്‍ 5000വരെ പിഴ ചുമത്താം. കഴിഞ്ഞ അഞ്ചു മാസത്തിനും 8 ദിവസത്തിനുമുള്ളില്‍ പൊലീസിന് പിഴയിനത്തില്‍ കിട്ടിയത് 35,17,57,048 രൂപയാണ്. ഈ ലോക്ഡൗണ്‍ കാലയളവില്‍ 1,96,31,100 രൂപയാണ് പിഴയീടാക്കിയത്. മെയ് 14 മുതല്‍ 20വരെയുള്ള കാലയളവിലാണ് ഇത്രയും തുക പിരിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ ലഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, മാനദണ്ഡം ലംഘിച്ചുള്ള വിവാഹം, മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 5000 രൂപയാണ് പൊലീസ് പിഴ ചുമത്തുന്നത്.
വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാല്‍ 2000 രൂപയാണ് പിഴയീടാക്കുന്നത്. മാസ്‌ക് ഇല്ലെങ്കില്‍ 500 രൂപ. ഇങ്ങനെ പിരിച്ചു തുടങ്ങിയപ്പോഴാണ് കോടികള്‍ പൊലീസിലെത്തിയത്.

By Divya