Wed. Jan 22nd, 2025
തൃശൂർ:

കൊടകരയില്‍ നഷ്ടപ്പെട്ട 3.5 കോടി രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ കോടതിയില്‍ സമർപ്പിച്ച് ധര്‍മരാജന്‍. പൊലീസ് കണ്ടെടുത്ത ഒരു കോടി രൂപയും കാറും തിരിച്ചുകിട്ടാന്‍ രേഖകള്‍ സഹിതം ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. പണത്തിന്റെ ബിജെപി ബന്ധം തെളിയിക്കാന്‍ ശ്രമിക്കുന്ന പൊലീസിന് തിരിച്ചടിയായി ഈ നീക്കം.

ബിസിനസ് ഇടപാടില്‍, ഡല്‍ഹി സ്വദേശി നല്‍കിയ തുകയാണിതെന്ന് ധര്‍മരാജന്റെ അപേക്ഷയില്‍ പറയുന്നു. കവര്‍ച്ചാസംഘത്തിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയും കാറും തിരിച്ചു കിട്ടണമെന്നാണ് കോടതിയിൽ നൽകിയ ഹര്‍ജി. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണിതെന്ന് തെളിയിക്കാനുള്ള പൊലീസിന്റെ നീക്കം ഇതോടെ പാളി.

തുക വിട്ടുകൊടുക്കുന്ന കാര്യം കോടതി തീരുമാനിക്കും. ധര്‍മരാജന്റെ ബെംഗളൂരുവിലെ സുഹൃത്ത് സുനില്‍ സിങ്ങിനെ അന്വേഷണ സംഘം ചോദ്യംചെയ്തു. കര്‍ണാടകയില്‍നിന്നാണ് പണം വന്നതെന്ന സൂചനയെ തുടർന്നായിരുന്നു ചോദ്യംചെയ്യല്‍. സിപിഎം അനുഭാവിയായ കണ്ണൂര്‍ സ്വദേശി ഷിഗിലിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ബെംഗളൂരുവിൽ ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താന്‍ കര്‍ണാടക പൊലീസിന്റെ സഹായം തേടി.

വിയ്യൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എട്ടു പ്രതികളെ ഒന്നിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്തു. ഓരോരുത്തരെയായി ചോദ്യംചെയ്യുമ്പോള്‍ പല ഉത്തരങ്ങളാണ് നല്‍കിയിരുന്നത്. പണം വീതംവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികള്‍ നുണ പറയുകയാണെന്ന് പൊലീസ് പറയുന്നു.

1.5 കോടിയുടെ കണക്കു മാത്രമേ പൊലീസിന് കിട്ടിയിട്ടുള്ളൂ. ബാക്കി 2 കോടി രൂപ എവിടെ പോയെന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 21 പ്രതികളെ പിടികൂടിയിട്ടും തട്ടിയെടുത്ത പണത്തിന്റെ കാര്യത്തില്‍ കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് പൊലീസിന്റെ അഭിപ്രായം.

By Divya