ലഖ്നോ:
വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന രോഗികളുടെ ഓക്സിജൻ ബന്ധം വിച്ഛേദിച്ച് മോക്ഡ്രിൽ നടത്തിയ യു പിയിലെ ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആഗ്രയിലെ പാരാസ് ആശുപത്രി ഉടമ അരിഞ്ജയ് ജെയ്നെ ഉടനെ അറസ്റ്റ് ചെയ്തേക്കും. ഓക്സിജൻ മോക് ഡ്രില്ലിനിടെ 22 പേർ മരിച്ചെന്ന ആശുപത്രി ഉടമയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് നടപടി.
അത്യാസന്ന നിലയിലുള്ള രോഗികളുടെ ഓക്സിജൻ ബന്ധം വിച്ഛേദിച്ചുവെന്ന വെളിപ്പെടുത്തുന്ന ആശുപത്രി ഉടമയുടെ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയരുകയും സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഉടമ വിഡിയോ നിഷേധിച്ച് രംഗത്തെത്തിയെങ്കിലും ആരോഗ്യവകുപ്പും അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു. ആഗ്ര ചീഫ് മെഡിക്കൽ ഓഫിസർ ഡോ ആർസി പാണ്ഡെ ഒരു കമ്മിറ്റി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രിക്കെതിരെ നടപടി ഉണ്ടായത്.