Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്തെ ഏറ്റവും വലിയ തൊഴിലുടമകളിലൊരാളായ കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്ന്​ കൊവിഡ് കവർന്നത്​ 400 ഓളം തൊഴിലാളികളെ. കൊവിഡ് മൂലം ജീവനക്കാരെ നഷ്​ടപ്പെടുന്നത്​ വ്യാപകമായതിന്​ പിന്നാലെ വാക്​സിൻ വിതരണത്തിൽ തൊഴിലാളികൾക്ക്​ മുൻഗണന നൽകണമെന്ന്​​ കമ്പനി അധികൃതർ പ്രധാന​മന്ത്രിയോട്​ അഭ്യർത്ഥിച്ചു.

259,000 ആളുകളാണ്​ കോൾ ഇന്ത്യയിൽ ജോലി ചെയ്യുന്നത്​. ഇതിൽ 64,000 ജീവനക്കാർക്ക് മാത്രമാണിതുവരെ പ്രതിരോധ കുത്തിവയ്​പ്​ ലഭിച്ചിട്ടുള്ളത്​. ബാക്കിയുള്ള തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്​സിൻ വിതരണം ചെയ്യാൻ പത്തുലക്ഷം വാക്​സിൻ ഡോസുകൾ ലഭ്യമാക്കണമെന്നാണ്​ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്​.

എല്ലാ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള​ പ്രതിരോധ കുത്തിവയ്പ്പ് കാമ്പുകൾ നടപ്പാക്കിയാൽ മാത്രമെ തൊഴിലാളികളെ കൊവിഡിൽ നിന്ന്​ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന്​ പ്രമുഖ യൂണിയനുകളിലൊന്നായ അഖിൽ ഭാരതീയ ഖദാൻ മസ്​ദൂർ സംഘി​െൻറ ജനറൽ സെക്രട്ടറി സുധീർ ഗുർഡെ പറഞ്ഞു.

കൽക്കരി ഖനി ജീവനക്കാർ കൊവിഡ് മുൻനിരപ്രവർത്തകർക്ക്​ തുല്യമാണ്​. രാജ്യം മുഴുവൻ അടച്ചിട്ടപ്പോഴും കോൾ കമ്പനി പ്രവർത്തിക്കുകയായിരുന്നു. ഫെബ്രുവരി പകുതിയോടെ ആരംഭിച്ച രണ്ടാം തരംഗത്തിൽ മരണ സംഖ്യ വർദ്ധിച്ചപ്പോഴും ഖനികളുടെ പ്രവർത്തനം നിലച്ചില്ല. രണ്ടാം തരംഗത്തിലാണ്​ കൂടുതൽ ജീവനക്കാരെ കമ്പനിക്ക്​ നഷ്​ടമായത്​.

താൽക്കാലികമായി ഡോക്​ടർമാരെ നിയമിക്കുകയും ഓക്​സിജൻ സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കുകയും ചെയ്​തിരുന്നു. 6,000 തൊഴിലാളികളെ കൊവിഡ് ബാധിച്ചെന്നും ഇപ്പോഴും ആയിരത്തിലധികം പേർ ചികിത്സയിലാണെന്നും കമ്പനി വ്യക്​തമാക്കി.

By Divya