കുവൈത്ത് സിറ്റി:
ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിൻ ആസ്ട്രസെനക തന്നെയെന്ന് സൗദി അംഗീകരിച്ചത് കുവൈത്ത് പ്രവാസികൾക്കും പ്രതീക്ഷ വർദ്ധിക്കാനിടയാക്കി. സമാനമായ പ്രഖ്യാപനം വൈകാതെ കുവൈത്തും നടത്തുമെന്ന പ്രത്യാശയാണ് അവർക്കുള്ളത്.
കുവൈത്ത് അധികൃതരുമായി വിഷയത്തിൽ ചർച്ച നടത്തുമ്പോൾ ഇന്ത്യൻ എംബസിക്കും സൗദിയുടെ പ്രഖ്യാപനം നിർണായക പിടിവള്ളിയാകും. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. അംഗീകൃത വാക്സിൻ എടുത്തവർക്ക് മാത്രമാണ് കുവൈത്ത് ക്വാറൻറീൻ ഇളവ് നൽകുന്നത്.
വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതിനും കുത്തിവെപ്പ് മാനദണ്ഡമാക്കാൻ സാധ്യതയുണ്ട്. ഒാക്സ്ഫഡ് സർവകലാശാല രൂപം നൽകി ആസ്ട്രസെനക കമ്പനി നിർമിക്കുന്ന വാക്സിൻ ആണ് കോവിഷീൽഡ്. ഇന്ത്യയിലും വിദേശത്തും രണ്ടു പേരുകളിൽ അറിയപ്പെടുന്നതാണ് ആശയക്കുഴപ്പത്തിന് വഴിവെക്കുന്നത്.
കേരളത്തിൽ പ്രവാസികൾക്ക് കോവിഷീൽഡ് വാക്സിൻ നൽകി സർട്ടിഫിക്കറ്റിൽ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്താനും തീരുമാനിച്ചത് മികച്ച നീക്കമായി.