Fri. Apr 26th, 2024
കൊല്‍ക്കത്ത:

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാറ്റി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രമാണ് ഇനി മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുക.

സംസ്ഥാനങ്ങള്‍ പണം കൊടുത്ത് വാങ്ങുന്ന 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലാണ് മമതയുടെ ചിത്രങ്ങള്‍ ഉള്ളത്.
കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന വാക്‌സിനുകളുടെ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം തന്നെയാണ് ഉള്ളത്.

‘സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിനുകള്‍ വാങ്ങാനും കുത്തിവയ്പ് ക്രമീകരിക്കാനും തുടങ്ങി. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോട്ടോ സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്,’ എന്നാണ് വാര്‍ത്താ ഏജന്‍സികളോട് മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

നേരത്തെ വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയത്ത് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് മോദിയുടെ ഫോട്ടോ നീക്കം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഫോട്ടോ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.

അതേസമയം കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. വാക്സിന് വിലയീടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് തന്നിഷ്ടപ്രകാരമുള്ള നടപടിയാണെന്നും കോടതി പറഞ്ഞിരുന്നു.

45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിനും അതില്‍ താഴെയുള്ളവര്‍ക്ക് പണമടച്ച് വാക്‌സിനും നല്‍കാനുള്ള കേന്ദ്രത്തിന്റെ നയം പ്രഥമദൃഷ്ട്യാ, ഏകപക്ഷീയവും വിവേചനപരവുമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

By Divya