Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 1.2 ലക്ഷം പേർക്കാണ്​ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്​. 3,380 പേർ രോഗം ബാധിച്ച്​ മരിച്ചു. രാജ്യത്ത്​ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,55,248 ​ആയി കുറഞ്ഞിട്ടുണ്ട്​. തുടർച്ചയായ ഒമ്പതാം ദിവസമാണ്​ രാജ്യത്ത്​ രണ്ട്​ ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​.

1,97,894 പേർക്ക്​ കഴിഞ്ഞ ദിവസം മാത്രം ​രോഗമുക്​തിയുണ്ടായി. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 5.78 ശതമാനമായി കുറഞ്ഞു. 93.38 ശതമാനമാണ്​ ​രാജ്യത്തെ രോഗമുക്​തി നിരക്ക്​. തുടർച്ചയായ 10ാം ദിവസമാണ്​ ​രാജ്യത്ത്​ ടെസ്​റ്റ്​പോസിറ്റിവിറ്റി നിരക്ക്​ 10 ശതമാനത്തിൽ താഴെയാകുന്നത്​.

ഇതുവരെ രാജ്യ​ത്ത്​ 2.67 കോടി പേരാണ്​ കൊവിഡിൽ നിന്നും മുക്​തി നേടിയത്​. അതേസമയം, കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്​ചാത്തലത്തിൽ വാക്​സിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ശക്​തമാക്കാനുള്ള പ്രവർത്തനങ്ങളുമായി ​കേന്ദ്രസർക്കാർ മുന്നോട്ട്​ പോവുകയാണ്​.

ഇതുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു. വാക്​സിൻ നയത്തിൽ സുപ്രീംകോടതിയിൽ നിന്ന്​ കടുത്ത വിമർശനമുണ്ടായതിന്​ പിന്നാലെയാണ്​ കേന്ദ്രത്തിന്റെ നടപടികൾ.

By Divya