Fri. Apr 26th, 2024
ന്യൂഡൽഹി:

രാജ്യത്ത്​ വാക്​സിൻ പാഴാക്കുന്നത്​ കുറക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വാക്​സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ്​ മോദിയുടെ പരാമർശം. വാക്​സിൻ പാഴാക്കുന്ന നിരക്ക്​ രാജ്യത്ത്​ ഉയർന്ന്​ തന്നെയാണ്​ നിൽക്കുന്നത്​. ഇത്​ മറികടക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും മോദി നിർദ്ദേശിച്ചു.

സർക്കാറി​ൻറെ പിന്തുണ വാക്​സിൻ ഉല്പാദനം വർദ്ധിപ്പിക്കാൻ നിർമാതാക്കളെ സഹായിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. യോഗത്തിൽ രാജ്യത്തെ വാക്​സിനേഷൻ പ്രക്രിയയുടെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. വാക്​സിൻ സ്​റ്റോക്ക്​ സംബന്ധിച്ചും അദ്ദേഹം വിലയിരുത്തൽ നടത്തി.

വാക്​സിനേഷൻ കൂടുതൽ ജനകീയമാക്കാനായി ആധുനിക സാ​ങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീകരിച്ച നടപടികളും ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങ്​, ആഭ്യന്തര മന്ത്രി അമിത്​ ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, വാണിജ്യ-വ്യവസായ മ​ന്ത്രി പിയൂഷ്​ ഗോയൽ, വാർത്തവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ്​ ജാവ്​ദേക്കർ എന്നിവർ പ​ങ്കെടുത്തു. വാക്​സിൻ നയത്തിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ ഇതുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രി വീണ്ടും യോഗം വിളിച്ചത്​.

By Divya